ട്രൂഡോ-ട്രംപ് ചർച്ചയിൽ ധാരണ; കാനഡയ്ക്കെതിരെ ചുമത്തിയ ഇറക്കുമതി തീരുവ മരവിപ്പിച്ചു
Tuesday, February 4, 2025 6:17 AM IST
വാഷിംഗ്ടൺ ഡിസി: കാനഡക്കെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ചു. ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
ഡോണൾഡ് ട്രംപുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ധാരണയായത്. അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.
നേരത്തെ, മയക്കുമരുന്നു വ്യാപനം നിയന്ത്രിക്കുന്നതിന് അതിര്‍ത്തിയില്‍ അടിയന്തരമായി പതിനായിരം സൈനികരെ വിന്യസിക്കുമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം സമ്മതിച്ചതിനെത്തുടര്‍ന്ന് മെക്സിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം വ്യാപാരച്ചുങ്കം ചുമത്താനുള്ള തീരുമാനം ഒരുമാസത്തേക്ക് മരവിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.
മെക്സിക്കന്‍ പ്രസിഡന്റുമായി സംസാരിച്ചുവെന്ന് സമൂഹമാധ്യമത്തിലൂടെ ട്രംപ് അറിയിച്ചു. ഒരുമാസത്തിനുള്ളില്‍ വിദേശ, ധനകാര്യ, വാണിജ്യ സെക്രട്ടറിമാര്‍ മെക്സിക്കന്‍ ഉന്നതതല സംഘവുമായി ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണ രൂപപ്പെടുന്നതിനു കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനവും ചൈനയ്ക്കു 10 ശതമാനവും ഇറക്കുമതിച്ചുങ്കം ചുമത്തുമെന്നായിരുന്നു ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ഇറക്കുമതിക്കും ചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.