ടീ ഷർട്ട് സുഹൃത്ത് ഇട്ടുനോക്കിയതിൽ തർക്കം; യുവാവിനെ പട്ടാപ്പകൽ കഴുത്തറത്ത് കൊന്നു
Tuesday, February 4, 2025 4:46 AM IST
നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷര്‍ട്ട് സുഹൃത്ത് ഇട്ടുനോക്കിയതിനെ തുടർന്നുണ്ടായ തര്‍ക്കം കലാശിച്ചത് അതിദാരുണമായ കൊലപാതകത്തില്‍.
മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ടീ ഷര്‍ട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ പട്ടാപ്പകല്‍ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ടായിരുന്നു ക്രൂര സംഭവം.
ശുഭം ഹരാനെ എന്ന യുവാവിനെയാണ് സുഹൃത്തായ പ്രയാഗ് അസോള്‍ നാട്ടുകാർ നോക്കിനില്‍ക്കേ പട്ടാപ്പകല്‍ റോഡിലിട്ട് കൊലപ്പെടുത്തിയത്.
ശുഭം ഹരാനെ, പ്രയാഗിന്റെ ജ്യേഷ്ഠനായ അക്ഷയ് അസോളിന്റെ ടീഷര്‍ട്ട് ധരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ശുഭം ഹരാനെയും ഇയാളുടെ സുഹൃത്തുക്കളായ അസോള്‍ സഹോദരങ്ങളും തമ്മില്‍ ഇതിനെച്ചൊല്ലി രണ്ടുദിവസമായി തര്‍ക്കം നിലനിന്നിരുന്നതായും പോലീസ് പറയുന്നു.
അക്ഷയ് അസോള്‍ പുതുതായി വാങ്ങിയ ടീഷര്‍ട്ട് ശുഭം ഹരാനെ ധരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. തന്റെ ടീഷര്‍ട്ട് ശുഭം ധരിച്ചത് അക്ഷയിനെ പ്രകോപിപ്പിച്ചു. ഇത് വാക്കേറ്റത്തിലും തര്‍ക്കത്തിലും കലാശിച്ചു. പിന്നാലെ ശുഭം ഹരാനെ ടീഷര്‍ട്ടിന്റെ പണം പിടിച്ചോ എന്നുപറഞ്ഞ് അക്ഷയ്ക്ക് നേരേ നോട്ടുകള്‍ വലിച്ചെറിഞ്ഞു. ഇതോടെ അക്ഷയ്ക്കും പകയായി.
അതേസമയം, ഈ സംഭവത്തിന് പിന്നാലെ അക്ഷയ് ശുഭം ഹരാനെക്കെതിരേ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ശുഭം ഹരാനെ മര്‍ദിച്ചെന്ന് കാണിച്ചാണ് ഇയാള്‍ പരാതി നല്‍കിയത്. എന്നാല്‍, പോലീസ് പരാതിയില്‍ ഇടപെട്ടില്ലെന്നാണ് ആരോപണം.
ഞായറാഴ്ച വിഷയം സംസാരിച്ചുതീര്‍ക്കാമെന്ന് പറഞ്ഞ് അക്ഷയിന്റെ അനുജനായ പ്രയാഗ് അസോളാണ് ശുഭം ഹരാനെയെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെയാണ് പ്രയാഗ് ശുഭം ഹരാനെയെ കഴുത്തറത്ത് കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.