"പാവം സ്ത്രീ' പരാമര്‍ശം: സോണിയ ഗാന്ധിക്കെതിരേ അവകാശലംഘന നോട്ടീസ്
Monday, February 3, 2025 8:06 PM IST
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ അവകാശലംഘന നോട്ടീസ് നല്കി ബിജെപി. രാഷ്ട്രപതിയെ ‘പാവം സ്ത്രീ’ എന്നു വിളിച്ചതിനെതിരെയാണ് രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകറിന് ബിജെപി പരാതി നൽകിയത്.
നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഭാഗം എത്തിയപ്പോൾ രാഷ്ട്രപതി ക്ഷീണിച്ചു. സംസാരിക്കാന്‍ പറ്റാത്ത നിലയിലേക്കെത്തി. പാവം എന്നായിരുന്നു സോണിയ പറഞ്ഞത്. ഈ പരാമർശം പിന്നീട് വൻ വിവാദമായി.
സോണിയയുടെ വാക്കുകൾ രാഷ്ട്രപതിയെ ആക്ഷേപിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും രാജ്യത്തിന്റെ അത്യുന്നത പദവിയുടെ മഹിമ ഇടിച്ചു താഴ്ത്തുന്നതുമാണെന്ന് ബിജെപി ആരോപിച്ചു.
പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും യാതൊരു വിധത്തിലുള്ള അനാദരവും സോണിയ ഗാന്ധിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും മകളും എംപിയുമായ പ്രിയങ്കാ ഗാന്ധി വ്യക്തമാക്കിയിരുന്നു.
എന്റെ അമ്മയ്ക്ക് 78 വയസാണ് പ്രായം. ദൈര്‍ഘ്യമുള്ള പ്രസംഗമാണ് രാഷ്ട്രപതി നടത്തിയതെന്നും അതിനാല്‍ അവര്‍ ക്ഷീണിതയായിട്ടുണ്ടെന്നുമാണ് അമ്മ ഉദ്ദേശിച്ചതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.