ഒമ്പതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം; വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു
Monday, February 3, 2025 6:52 PM IST
കൊച്ചി: ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദ് ഫ്ലാറ്റില്‍നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സ്കൂളിനോട് എന്‍ഒസി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ്. ഷാനവാസ് പറഞ്ഞു.
സ്കൂളില്‍വെച്ച് മിഹിര്‍ അതിക്രമത്തിന് ഇരയായോ എന്ന് പരിശോധിക്കും. വൈസ് പ്രിന്‍സിപ്പലിൽ നിന്നും വലിയ പീഡനം ഉണ്ടായെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈസ് പ്രിന്‍സിപ്പലിന്റെ മൊഴി എടുത്തതായും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പറഞ്ഞു.
എത്രയും പെട്ടെന്ന് തന്നെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിബിഎസ്ഇ ആയാലും ഐസിഎസ്ഇ ആയാലും കേരളത്തില്‍ ഒരു വിദ്യാഭ്യാസ്ഥാപനം തുടങ്ങുന്നതിന് മുമ്പ് സംസ്ഥാന ഗവണ്മെന്റിന്റെ എന്‍ഒസി ആവശ്യമാണ്.
അത് ഒഴിവാക്കി സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ അനുവാദം നല്‍കിയിട്ടില്ല. മിഹിര്‍ പഠിച്ച സ്കൂളിലെ അധികൃതരോട് എന്‍ഒസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ഹാജരാക്കിയിട്ടില്ല. അതിനായി സമയം നല്‍കുമെന്നും എസ്.ഷാനവാസ് വ്യക്തമാക്കി.