മിഹിർ അഹമ്മദിന്റെ മരണം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തെളിവെടുപ്പ് തുടങ്ങി
Monday, February 3, 2025 2:41 PM IST
കൊച്ചി: തൃപ്പൂണിത്തുറ ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിയായ മിഹിർ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തെളിവെടുപ്പ് തുടങ്ങി. എറണാകുളം കാക്കനാട് കളക്ടറേറ്റിലുള്ള വിദ്യാഭ്യാസ വകുപ്പ് ഓഫീസിലാണ് തെളിവെടുപ്പ് .
ജീവനൊടുക്കിയ മിഹിറിന്റെ രക്ഷിതാക്കളും ആരോപണവിധേയരായ സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും തെളിവെടുപ്പിനെത്തി.
മിഹിറിന്റെ മരണം സഹപാഠികളുടെ റാഗിംഗില്‍ മനംനൊന്താണെന്ന് ആരോപിച്ച് കുടുംബം പോലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരിട്ട് അന്വേഷണം നടത്തുന്നത്.
അതേസമയം, മിഹിര്‍ മൂന്നുമാസം മുന്‍പ് പഠിച്ചിരുന്ന ജെംസ് മോഡേണ്‍ അക്കാദമി സ്കൂള്‍ വൈസ് പ്രിന്‍സിപ്പലിനെ അന്വേഷണ വിധേയമായി സ്കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വെസ് പ്രിന്‍സിപ്പല്‍ ആയിരുന്ന ബിനു അസീസിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് നടപടി. മിഹിര്‍ സ്കൂള്‍ മാറാന്‍ കാരണം വൈസ് പ്രിന്‍സിപ്പല്‍ ബിനു അസീസുമായി ഉണ്ടായ പ്രശ്നത്തെ തുടര്‍ന്നാണ് എന്നും കുടുംബം ആരോപിച്ചിരുന്നു.
ഇക്കഴിഞ്ഞ ജനുവരി 15 നാണ് മിഹിര്‍ എന്ന 15കാരന് താമസ സ്ഥലമായ തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലെ 27 - ാം നിലയില്‍നിന്നും ചാടി ജീവനൊടുക്കിയത്. മകന്റെ മരണശേഷം കുടുംബത്തിന് സുഹൃത്തുക്കളില്‍ ചിലര്‍ കൈമാറിയ സ്ക്രീന്‍ ഷോട്ടില്‍ നിന്നാണ് ക്രൂരമായ പീഡനത്തിന്റെ ചുരുള്‍ അഴിയുന്നത്. മിഹിര്‍ പഠിച്ച ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍ വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ ശാരീരിക മാനസിക പീഡനം കുട്ടി ഏറ്റു വാങ്ങിയെന്ന് കുടുംബം പരാതിയില്‍ പറയുന്നു.
ശുചിമുറിയിലെ ടോയ്ലെറ്റ് സീറ്റില്‍ കുട്ടിയുടെ മുഖംവെച്ച് ഫ്ളഷ് ചെയ്തെന്ന വിവരമടക്കം സ്ക്രീന്‍ ഷോട്ടുകളിലുണ്ട്. മിഹിറിനെ അവഹേളിക്കുന്ന രീതിയില്‍ വാക്കുകളും പ്രയോഗങ്ങളുമാണ് മരണവിവരം അറിഞ്ഞ ശേഷവും ചില കുട്ടികള്‍ ഉപയോഗിച്ചത്. ഈ സ്ക്രീന്‍ഷോട്ട് ഉള്‍പ്പടെയാണ് കുടുംബത്തിന്റെ പരാതി. നേരത്തെ കുട്ടിയുടെ ആത്മഹത്യക്ക് പിന്നാലെ അസ്വഭാവിക മരണത്തിനാണ് ഹില്‍ പാലസ് പോലീസ് കേസെടുത്തത്.