എം.വി. ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും
Monday, February 3, 2025 12:47 PM IST
തളിപ്പറമ്പ്: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. ജയരാജൻ മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്.
2019ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായി പി. ജയരാജൻ ഒഴിഞ്ഞപ്പോഴാണ് ജില്ലാ സെക്രട്ടറിയായത്. 2021ലെ ജില്ലാ സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി. എടക്കാട് മണ്ഡലത്തിൽനിന്ന് രണ്ടുതവണ എംഎൽഎയായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു
കണ്ണൂർ ജില്ലാ സമ്മേളനം 50 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിൽ 11 പേർ പുതുമുഖങ്ങളാണ്.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, എളമരം കരീം തുടങ്ങിയവർ പങ്കെടുക്കും.