സ്കൂൾ വാര്‍ഷികാഘോഷത്തിനിടെ ജീവനക്കാർക്ക് മർദനം; യുവാക്കൾ അറസ്റ്റിൽ
Monday, February 3, 2025 5:41 AM IST
കോഴിക്കോട്: സ്കൂൾ വാര്‍ഷികാഘോഷത്തിനിടെ ജീവനക്കാർക്കെതിരെ ഉണ്ടായ ആക്രമണത്തിൽ രണ്ടു പേർക്കെതിരേ കേസ്. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്ററി സ്കൂളിൽ ആണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
പുതിയപാലം സ്വദേശികളായ ഋതുല്‍, അക്ഷയ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മര്‍ദനം, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ച സ്കൂൾ വാർഷികാഘോഷത്തിനിടെ യുവാക്കൾ സ്കൂളിലേക്ക് അതിക്രമിച്ച കടക്കാൻ ശ്രമിച്ചത് തടയുന്നതിനിടെയാണ് ഇവർ ജീവനക്കാരെ മർദിച്ചത്. തുടർന്ന് യുവാക്കളെ ഇന്നലെത്തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.