കേരളം പിന്നോക്കമാണെന്ന് പറയാൻ മനസില്ല: ബിനോയ് വിശ്വം
Sunday, February 2, 2025 9:31 PM IST
തിരുവനന്തപുരം: കേരളം പിന്നോക്കമാണെന്ന് പറയാൻ മനസില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജോർജ് കുര്യന്റെ വിവാദ പരാമർശത്തിൽ നാളെ സിപിഐ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും.
സുരേഷ് ഗോപിയുടെ വാക്കുകൾ യാദൃശ്ചികമല്ല. നരേന്ദ്ര മോദി കാണിച്ച ചാതുർവർണ്യത്തിന്റെ വഴിയാണ് സുരേഷ് ഗോപി പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ സഹായം തരാമെന്നായിരുന്നു കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യന്റെ പരാമർശം. വിദ്യാഭ്യാസത്തിലും റോഡിലും സാമൂഹിക അവസ്ഥയിലും പിന്നാക്കമാണെന്ന് ആദ്യം പറയണമെന്ന് ജോർജ് കുര്യൻ പറഞ്ഞു.
പിന്നോക്കമാണെന്ന് പറഞ്ഞാൽ അത് കമ്മീഷൻ പരിശോധിക്കും. തുടർന്ന് ഗവൺമെന്റിന് റിപ്പോർട്ട് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചോ എന്ന ചോദ്യത്തോടാണ് മന്ത്രിയുടെ പ്രതികരണം.
പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം ആദ്യം നൽകുന്നത്. നിലവിൽ കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിലാണ് കൂടുതൽ ശ്രദ്ധ. എയിംസ് ബജറ്റിൽ അല്ല പ്രഖ്യാപിക്കുന്നത്. സംസ്ഥാന സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകി കഴിഞ്ഞാൽ മുൻഗണന അനുസരിച്ച് എയിംസ് അനുവദിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു.