കേരളത്തെ അപമാനിച്ച ജോർജ് കുര്യൻ മാപ്പ് പറയണമെന്ന് വി.ഡി. സതീശൻ
Sunday, February 2, 2025 12:54 PM IST
തിരുവനന്തപുരം: കേരളത്തെ അപമാനിച്ച കേന്ദ്രമന്ത്രി ജോർജ് കുര്യൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജോർജ് കുര്യൻ മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും സതീശൻ പറഞ്ഞു.
കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ സഹായം തരാമെന്ന് ജോർജ് കുര്യൻ പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു സതീശന്റെ പ്രതികരണം. വിദ്യാഭ്യാസത്തിലും റോഡിലും സാമൂഹിക അവസ്ഥയിലും പിന്നാക്കമാണെന്ന് ആദ്യം പറയണമെന്നും ജോർജ് കുര്യൻ പറഞ്ഞു.
പിന്നോക്കമാണെന്ന് പറഞ്ഞാൽ അത് കമ്മീഷൻ പരിശോധിക്കും. തുടർന്ന് സർക്കാരിന് റിപ്പോർട്ട് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചോ എന്ന ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം ആദ്യം നൽകുന്നത്. നിലവിൽ കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിലാണ് കൂടുതൽ ശ്രദ്ധ. എയിംസ് ബജറ്റിൽ അല്ല പ്രഖ്യാപിക്കുന്നത്. സംസ്ഥാന സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകി കഴിഞ്ഞാൽ മുൻഗണന അനുസരിച്ച് എയിംസ് അനുവദിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞിരുന്നു.