വിദ്യാര്‍ഥിയുടെ ആത്മഹത്യ: ഇന്‍സ്റ്റഗ്രാം ചാറ്റ് ഡിലീറ്റ് ചെയ്തു; അന്വേഷണത്തിന് വെല്ലുവിളികള്‍
Saturday, February 1, 2025 7:59 PM IST
കൊച്ചി: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ഥി ഫ്ലാറ്റില്‍നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട റാഗിംഗ് പരാതി അന്വേഷിക്കുന്നതില്‍ പോലീസിന് മുന്നില്‍ വെല്ലുവിളികളേറെ. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നത് എളുപ്പമല്ലെന്ന നിലപാടിലാണ് പോലീസ്. റാഗിംഗ് ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും കിട്ടിയിട്ടില്ലാത്ത പശ്ചാത്തലത്തില്‍ അന്വേഷണം കരുതലോടെ നീക്കാനാണ് പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുന്നത്.
മിഹര്‍ അഹമ്മദിന്റെ മരണം സഹപാഠികളുടെ കൊടുംക്രൂരതയെത്തുടര്ന്നാണെന് ആരോപണവുമായി മാതാവ് രംഗത്തെത്തിയിരുന്നു. മിഹറിന്റെ മരണത്തിന് പിന്നാലെ ജസ്റ്റീസ് ഫോര്‍ മിഹര്‍ എന്ന പേരില്‍ വിദ്യാര്‍ഥികളുടേതെന്നു കരുതുന്ന ഒരു ഇസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നു. അതില്‍ സ്കൂളില്‍ നടന്ന സന്ദേശങ്ങളെക്കുറിച്ച് വന്നിരുന്നു. എന്നാല്‍ നിലവില്‍ ഈ ഇസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഇതോടെ കുട്ടിയുടെ മരണത്തില്‍ ആരോപണ വിധേയരായ വിദ്യാര്‍ഥികള്‍ ആരെന്ന സൂചന പോലീസിനും ലഭിച്ചിട്ടില്ല.
സ്കൂളിലെ ശുചിമുറിയില്‍ എത്തിച്ച് മിഹറിനെ ഉപദ്രവിച്ചെന്ന കുടുംബത്തിന്റെ പരാതിയിലും പോലീസിന് ആശയക്കുഴപ്പങ്ങളുണ്ട്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരേ ശുചിമുറിയില്‍ പോകുമോ എന്നാണ് ഉയരുന്ന സംശയം. മരിച്ച മിഹിര്‍ കടുത്ത ശാരീരിക പീഡനത്തിനും വര്‍ണ വിവേചനത്തിനും ഇരയായെന്നും കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ റാഗിംഗ് ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും കിട്ടിയിട്ടില്ലെന്നാണ് സ്കൂളിന്റെ വിശദീകരണം.
മരണ ശേഷം കുട്ടിയുടെ അടുത്ത സുഹൃത്തുക്കളില്‍നിന്ന് ലഭിച്ച വിവരങ്ങളും സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ചില ചര്‍ച്ചകളുടെ സ്ക്രീന്‍ ഷോട്ടും ചേര്‍ത്താണ് പോലീസില്‍ പരാതി നല്‍കിയത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം സ്കൂള്‍ അധികൃതരില്‍നിന്നും ചില വിദ്യാര്‍ഥികളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വീട്ടില്‍ കുട്ടി ഏതെങ്കിലും പ്രശ്നങ്ങള്‍ നേരിട്ടിരുന്നോ എന്ന കാര്യങ്ങളടക്കം പോലീസ് അന്വേഷിച്ചു വരികയാണ്.