മാതാപിതാക്കളെ വീട്ടിൽ കയറ്റാതെ പുറത്താക്കിയ സംഭവം: മകൾക്കെതിരേ കേസെടുത്തു
Saturday, February 1, 2025 7:45 PM IST
തിരുവനന്തപുരം: അയിരൂരിൽ മാതാപിതാക്കളെ വീട്ടിൽ കയറ്റാതെ പുറത്താക്കിയ സംഭവത്തിൽ മകൾക്കെതിരേ അയിരൂർ പോലീസ് കേസെടുത്തു. അയിരൂർ തൃന്പല്ലൂർ ക്ഷേത്രത്തിന് സമീപം വൃന്ദാവനം വീട്ടിൽ സിജിക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഇവരുടെ മാതാപിതാക്കളായ സദാശിവന്റെയും സുഷമയുടെയും പരാതിയെത്തുടർന്നാണ് പോലീസ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ, കാൻസർ രോഗിയായ സദാശിവനും ഹൃദ്രോഗിയായ സുഷമയും തങ്ങൾക്കുള്ള കുടുംബ വീട് വിറ്റ 35 ലക്ഷം രൂപ സിജിക്ക് വീട് വയ്ക്കാൻ നൽകിയിരുന്നു. പുതുതായി നിർമിക്കുന്ന വീട്ടിൽ മാതാപിതാക്കളെ ഒപ്പം കഴിയാൻ അനുവദിക്കാമെന്നും പണം പിന്നീട് മടക്കി നൽകാമെന്ന വ്യവസ്ഥയിലുമായിരുന്നു സിജിക്ക് പണം നൽകിയത്. ഇതിന് കരാറും ഉണ്ടാക്കിയിരുന്നു.
എന്നാൽ ഈ അടുത്ത കാലത്ത് സിജി മാതാപിതാക്കളോട് വീട്ടിൽ നിന്നിറങ്ങി പോകാൻ ആവശ്യപ്പെട്ടു. പണം നൽകിയാൽ ഇറങ്ങാമെന്ന് മാതാപിതാക്കൾ പറഞ്ഞു. എന്നാൽ പണം നൽകില്ലെന്ന നിലപാടാണ് മകൾ സ്വീകരിച്ചതെന്നാണ് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. ഇതേത്തുടർന്ന് സബ് കളക്ടർക്ക് നൽകിയ പരാതിയെത്തുടർന്ന് മാതാപിതാക്കളെ വീട്ടിൽ താമസിപ്പിക്കണമെന്ന് സബ് കളക്ടർ മകളോട് നിർദേശിച്ചു.
കളക്ട്രേറ്റിൽ നിന്നു വൈകുന്നേരത്തോടെ വീട്ടിലെത്തിയപ്പോൾ മകൾ സിജി ഗേറ്റ് പൂട്ടി മാതാപിതാക്കളെ പുറത്താക്കിയെന്നാണ് പരാതി. പോലീസും നാട്ടുകാരും സിജിയുമായി സംസാരിച്ചെങ്കിലും അവർ അനുകുല നിലപാട് സ്വീകരിച്ചില്ല. തുടർന്ന് ഇരുവരെയും ബന്ധുവീട്ടിൽ പോലീസ് പാർപ്പിക്കുകയായിരുന്നു. ഇന്ന് സബ് കളക്ടറെ കണ്ട് ഇന്നലെ നടന്ന കാര്യങ്ങൾ ധരിപ്പിക്കുമെന്ന് സദാശിവനും സുഷമയും മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.