വയനാടിനെ തഴഞ്ഞു; കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് കുഞ്ഞാലിക്കുട്ടി
Saturday, February 1, 2025 5:10 PM IST
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ നിരാശ രേഖപ്പെടുത്തി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. ഇത്രയ്ക്ക് നിരാശജനകമായ ബജറ്റ് ഇതിന് മുൻപ് ഉണ്ടായിട്ടില്ല. കേരളത്തെ പരിപൂർണമായി അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഈ ബജറ്റിലെങ്കിലും വയനാടിന് എല്ലാവരും സഹായം പ്രതീക്ഷിച്ചു. ബിഹാറിന് വാരിക്കോരി കൊടുത്ത കേന്ദ്രം പക്ഷേ വയനാടിന് ഒന്നും നൽകിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ ഗുണം ലഭിക്കുന്നിടത്ത് മാത്രമാണ് കേന്ദ്രം സഹായങ്ങൾ നൽകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപിക്ക് കേരളത്തിൽ നിന്ന് ഒരു പാർലമെന്റ് അംഗം മന്ത്രിയായശേഷം അവഗണന കൂടുതലാണ്.
കേരളത്തിൽ നിന്ന് മന്ത്രിയായ ആളോട് ദേഷ്യമുള്ളത് പോലെയാണ് ബജറ്റ് എന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.