നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അന്‍വര്‍ യുഡിഎഫിൽ ?
Saturday, February 1, 2025 3:38 PM IST
കോഴിക്കോട്: നിലമ്പൂര്‍ നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പി.വി. അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്നു സൂചന. അതുവരെ യുഡിഎഫുമായി സഹകരിപ്പിക്കാനാണു നീക്കം. മുന്നണി പ്രവേശനത്തിനായി അന്‍വര്‍ നല്കിയ കത്ത് അടുത്ത യുഡിഎഫ് യോഗം ചര്‍ച്ചചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിച്ചു.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേതൃത്വം നല്കുന്ന തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനാണ് അന്‍വര്‍ നിയമസഭാ അംഗത്വം രാജിവച്ചത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയം ഉണ്ടെങ്കിലും അതിനു മുമ്പ് നിലമ്പൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു നടക്കും. ജൂലൈ 14ന് മുമ്പ് ഉപതെരഞ്ഞെടുപ്പു നടക്കാനാണു സാധ്യത.
ഉപതെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ലെന്നു പറഞ്ഞ അന്‍വര്‍ യുഡിഎഫിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് വി.എസ്. ജോയി സ്ഥാനാര്‍ഥിയാകണമെന്ന് അന്‍വര്‍ രാജിവച്ചപ്പോള്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും വിവാദമായേതാടെ പിന്‍വലിച്ചു. കോണ്‍ഗ്രസ് തീരുമാനിക്കുന്ന ഏതു സ്ഥാനാര്‍ഥിയെയും വിജയിപ്പിക്കുന്നതിനു മുന്നിലുണ്ടാകുമെന്ന് അന്‍വര്‍ അറിയിച്ചിട്ടുണ്ട്.യുഡിഎഫിനെ വിജയിപ്പിക്കുക എന്നത് അന്‍വറിന്റെയും അഭിമാനപ്രശ്നമാണ്.
സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ച സാഹചര്യത്തില്‍ ഇടതുമുന്നണിയെ തോൽപ്പിക്കുകയാണ് അന്‍വറിന്റെ മുഖ്യലക്ഷ്യം. അന്‍വര്‍ ഡിഎംകെ രുപീകരിച്ച് രാഷ്ട്രീയത്തില്‍ എത്തിയപ്പോള്‍ തമിഴ്നാട് ഡിഎംകെയുമായി സഹകരണം സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ സിപിഎമ്മാണ് ഇതിനു പാരവച്ചത്. ഇതോടെയാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്.
അന്‍വറിനെ സ്വീകരിക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ പൊതുധാരണ ആയിട്ടില്ലെങ്കിലും ഒരു വിഭാഗം നേതാക്കളുടെ പിന്തുണ ഉണ്ട്. വി.ഡി. സതീശന് നയിക്കുന്ന മലയോരയാത്രയില് അന്‍വര്‍ പങ്കെടുത്തിരുന്നു. ഇതിനിടയില്‍ രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പ്രധാന യുഡിഎഫ് നേതാക്കളെ നേരില്‍കണ്ട് തനിക്ക് അനൂകുലമായ സാഹചര്യം സൃഷ്ടിക്കാനാണ് അന്‍വറിന്റെ നീക്കം.