വയനാട് വെള്ളിലാടിയിലെ അരുംകൊല; പോലീസിനു വിവരം നല്‍കിയത് ഓട്ടോ ഡ്രൈവര്‍
Saturday, February 1, 2025 3:26 PM IST
കല്‍പ്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയ്ക്കടുത്ത വെള്ളിലാടിയില്‍ ഇതര സംസ്ഥാനത്തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം തുണ്ടങ്ങളാക്കി രണ്ട് ബാഗുകളില്‍ നിറച്ച് ഓട്ടോയില്‍ കയറ്റി മൂന്നു കിലോമീറ്റര്‍ അകലെ മൂളിത്തോട് പാലത്തിന് താഴെയും സമീപത്തും ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. ഉത്തര്‍പ്രദേശ് സ്വദേശി മുഖീബാണ്(25)വെള്ളിലാടിയില്‍ അതേനാട്ടുകാരനായ മുഹമ്മദ് ആരിഫിന്റെ(38) താമസസ്ഥലത്ത് കൊല്ലപ്പെട്ടത്.
കഷണങ്ങളാക്കി ബാഗുകളില്‍ നിറച്ച മൃതദേഹഭാഗങ്ങള്‍ ആരിഫ് മറ്റൊരു ഇതര സംസ്ഥാനത്തൊഴിലാളിയുടെ ഗുഡ്സ് ഓട്ടോ വിളിച്ചാണ് വെള്ളിയാഴ്ച രാത്രി മൂളിത്തോടില്‍ എത്തിച്ചത്. ബാഗുകള്‍ ഉപേക്ഷിക്കുന്നതില്‍ പന്തികേടുതോന്നി ഓട്ടോ ഡ്രൈവര്‍ നല്കിയ വിവരമാണ് സ്ഥലത്തെത്താനും പരിശോധന നടത്താനും പോലീസിനു പ്രേരണയായത്. ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
വെള്ളിലാടിയില്‍ ഭാര്യക്ക് ഒപ്പം മുഹമ്മദ് ആരിഫ് കഴിയുന്ന ക്വാര്‍ട്ടേഴ്സിനടുത്താണ് ആഴ്ചകള്‍ മുമ്പുവരെ മുഖീബ് താമസിച്ചിരുന്നത്. ഭാര്യയുമായി മുഖീബിനു അവിഹിതബന്ധം ഉണ്ടെന്ന സംശയമാണ് ആരിഫിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിനു ലഭിച്ച സൂചന.
ആരിഫിന്റെ ഭാര്യയെ പോലീസ് ചോദ്യംചെയ്തുവരികയാണ്. ആരിഫും കസ്റ്റഡിയിലുണ്ട്. കൊലപാതകം നടന്നുവെന്നു സംശയിക്കുന്ന ക്വാര്‍ട്ടേഴ്സ് പോലീസ് സീല്‍ ചെയ്തിരിക്കയാണ്. ഇവിടെ ഇന്ന് വിശദ പരിശോധന നടക്കും.