ഗുജറാത്ത് കലാപത്തിലെ അതിജീവിത സാകിയ ജാഫ്രി അന്തരിച്ചു
Saturday, February 1, 2025 3:11 PM IST
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് വേണ്ടി പോരാടിയ സാകിയ ജാഫ്രി അന്തരിച്ചു. കലാപത്തിൽ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാകിയ. മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് ആണ് മരണവാർത്ത പങ്കുവെച്ചത്.
മനുഷ്യാവകാശ സമൂഹത്തിന്റെ അനുകമ്പയുള്ള നേതാവായ സാകിയ 30 മിനിറ്റ് മുമ്പ് അന്തരിച്ചെന്ന് ടീസ്റ്റ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. 2002-ൽ ഗുജറാത്തിലെ ഗുൽബർഗ് സൊസൈറ്റിയിൽ വച്ച് ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് മറ്റ് 68 പേർക്കൊപ്പം ഇസ്ഹാൻ ജാഫ്രി കൊല്ലപ്പെടുന്നത്.
പിന്നാലെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കമുള്ളവർക്കെതിരേ ക്രിമിനൽ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള നിയമപോരാട്ടത്തിലായിരുന്നു സാകിയ. കേസിൽ മോദി അടക്കമുള്ളവർക്ക് ക്ലീന്‍ ചിറ്റ് നല്കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ മറ്റു മനുഷ്യാവകാശ പ്രവർത്തകർക്കൊപ്പം സാകിയ കോടതിയെ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് കോടതി തള്ളിയിരുന്നു.