കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവം; സംഘർഷം തടയുന്നതിൽ പോലീസിന് വീഴ്ചയെന്ന് റിപ്പോർട്ട്
Saturday, February 1, 2025 2:10 PM IST
കൊച്ചി: കൂത്താട്ടുകുളത്ത് കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം തടയുന്നതില്‍ പോലീസിന് വീഴ്ചയെന്ന് റിപ്പോർട്ട്. എറണാകുളം റൂറൽ അഡീഷണൽ എസ്പി എം. കൃഷ്ണൻ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.
സംഘർഷം തടയുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്നാണ് പ്രാഥമികമായ കണ്ടെത്തൽ. ജനുവരി 18-ന് സിപിഎം പ്രവർത്തകർ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. നഗരസഭ കൗൺസിലറെ തട്ടിക്കൊണ്ടു പോകാൻ സിപിഎമ്മിന് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് ഒത്താശ ചെയ്തുവെയിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസിലാക്കിയതോടെയായിരുന്നു തട്ടിക്കൊണ്ട് പോകൽ എന്നായിരുന്നു ആരോപണം. തുടർന്ന് അമ്മയെ കാണാനില്ലെന്ന് കാട്ടി കലാ രാജുവിന്റെ മക്കള്‍ പരാതി നല്‍കിയിരുന്നു.
പിന്നാലെ സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ വിഷയം നിയമസഭയിലുമെത്തിയിരുന്നു.