മധ്യവർഗത്തിന്റെ ശക്തി കൂട്ടുന്ന ബജറ്റെന്ന് ധനമന്ത്രി
Saturday, February 1, 2025 11:24 AM IST
ന്യൂഡൽഹി: മധ്യവർഗത്തിന്റെ ശക്തി കൂട്ടുന്ന ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന, വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിത്. വികസനത്തിനാണ് മുൻതൂക്കമെന്നും ബജറ്റ് അവതരിപ്പിക്കെ ധനമന്ത്രി സഭയിൽ വ്യക്തമാക്കി.
സമ്പൂർണ ദാരിദ്ര്യ നിർമാർജ്ജനവും ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു. സസ്യാഹാരികളുടെ പ്രോട്ടീന്‍ എന്നറിയപ്പെടുന്ന മഖാന എന്ന താമരവിത്തിനായി പ്രത്യേക ബോർഡും ധനമന്ത്രി പ്രഖ്യാപിച്ചു. ഉത്പാദനം, മാർക്കറ്റിംഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകരെ ശാക്തീകരിക്കും. പരുത്തി കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്നും പ്രഖ്യാപിച്ചു. ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നല്‍കുമെന്ന് ധാനമന്ത്രി അറിയിച്ചു.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി കൂടുതല്‍ വ്യാപകമാക്കും. ലക്ഷദ്വീപിന് പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മൂന്നില്‍ നിന്ന് അഞ്ച് ലക്ഷമാക്കി. പയർ വർഗങ്ങളുടെ ഉദ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ പ്രധാനമന്ത്രി ധന് ധന്യ കൃഷി യോജന വിപുലമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.