കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി, സഭയിൽ പ്രതിപക്ഷ ബഹളം
Saturday, February 1, 2025 11:07 AM IST
ന്യൂഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കുന്നു. പ്രതിപക്ഷ ബഹളത്തിനിടയിലാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. കുംഭമേളയെ ചൊല്ലിയാണ് പ്രതിപക്ഷ ബഹളം.
അതേസമയം നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. നിലവിൽ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. പഴയ നികുതി വ്യവസ്ഥയിൽ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് നികുതി ബാധ്യത ഇല്ലാത്തവർ.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും നികുതിയില്‍ ഉണ്ടായ കുറവും മൂലം കേരളത്തിനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസം, വിഴിഞ്ഞം തുറമുഖം, മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന് പരിഹാരം എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക പാക്കേജ് ആണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.