കേജരിവാളിന്റെ വീടിന് മുന്നില്‍ മാലിന്യം തള്ളി
Thursday, January 30, 2025 4:34 PM IST
ന്യൂഡല്‍ഹി: മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാളിന്റെ വീടിന് മുന്നില്‍ സ്വാതി മാവിവാള് എംപി മാലിന്യം തള്ളി. എഎപിയുടെ രാജ്യസഭാ എംപിയാണ് സ്വാതിമാലിവാള്‍.
കേജരിവാളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഏറെ നാളായി ഇവർ പാർട്ടിയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഡല്‍ഹി വികാസ്പുരിയിലെ മാലിന്യം തള്ളുന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പ്രതിഷേധവുമായി മുൻ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് എത്തിയത്.
ഡല്‍ഹിയില്‍ ശുചിത്വത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും സ്ഥിതി വഷളായതായി അവര്‍ ആരോപിച്ചു. ഡല്‍ഹിയുടെ എല്ലാ മുക്കും മൂലയും വൃത്തിഹീനമാണ്. റോഡുകള്‍ തകര്‍ന്നിരിക്കുന്നു. അഴുക്കുചാലുകള്‍ നിറഞ്ഞൊഴുകുന്നു.
കേജരിവാളിന് ഡല്‍ഹിയുടെ അടിസ്ഥാനപ്രശ്നങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലെന്ന് മാലിവാള്‍ പറഞ്ഞു.