2,000 പോരാ, 5,000 കൂടെ വേണം; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
Tuesday, January 28, 2025 10:18 PM IST
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. വസ്തു തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ തിരുവനന്തപുരം പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസർ വിജയകുമാറാണ് അറസ്റ്റിലായത്.
പഴയകുന്നുമ്മേൽ സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള 34 സെന്റ് വസ്തു ഡാറ്റാ ബാങ്കിൽ വയൽ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കര ഭൂമിയാക്കുന്നതിന് ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു.
തിരുവനന്തപുരം കളക്ടറേറ്റിലെയും ചിറയിൻകീഴ് താലൂക്ക് ഓഫീസിലെയും നടപടികൾക്ക് ശേഷം ഫയൽ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിൽ എത്തി. വില്ലേജ് ഓഫീസർ കളക്ടറേറ്റിലേക്ക് റിപ്പോർട്ട് സഹിതം മടക്കി അയച്ചിരുന്നില്ല.
തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച പരാതിക്കാരൻ വിവരം അന്വേഷിച്ച് വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ വിജയകുമാർ പരാതിക്കാരനിൽ നിന്നും 2,000 രൂപ കൈക്കൂലി വാങ്ങിയിരുന്നു.
തുടർന്ന് പരാതിക്കാരൻ ശനിയാഴ്ച വീണ്ടും വില്ലേജ് ഓഫീസറെ നേരിൽ കണ്ടപ്പോൾ 5,000 രൂപ കൂടി കൈക്കൂലി നൽകിയാലേ റിപ്പോർട്ട് കളക്ടറേറ്റിലേക്ക് അയക്കൂ എന്ന് പറഞ്ഞു തിരികെ അയച്ചു. തുടർന്ന് പരാതിക്കാരൻ വിജിലൻസിൽ വിവരം അറിയിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 11.40 ഓടെ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിന് സമീപത്തുവച്ച് പരാതിക്കാനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവേ വിജയകുമാറിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു.