നയൻതാര ഡോക്യുമെന്ററി വിവാദം: നെറ്റ്ഫ്ലിക്സിന് തിരിച്ചടി; ധനുഷിന്റെ ഹർജി പരിഗണിക്കരുതെന്ന ആവശ്യം തള്ളി
Tuesday, January 28, 2025 1:33 PM IST
ചെന്നൈ: തെന്നിന്ത്യൻ താരം നയൻതാരയുടെ ഡോക്യുമെന്ററി വിവാദത്തിൽ നെറ്റ്ഫ്ലിക്സ് ഇന്ത്യക്ക് തിരിച്ചടി. നയൻതാരയ്ക്കെതിരെ ധനുഷ് നൽകിയ പകർപ്പവകാശ കേസ് റദ്ദാക്കണമെന്ന നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ തടസഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ധനുഷിന്റെ ഹര്‍ജി ഫെബ്രുവരി അഞ്ചിന് പരിഗണിക്കുമെന്നും ജസ്റ്റീസ് അബ്ദുള്‍ ഖുദ്ദോസ് വ്യക്തമാക്കി.
ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നയന്‍താര, സംവിധായകനും ഭര്‍ത്താവുമായ വിഘ്നേഷ് ശിവന്, വിഘ്നേഷിന്റെ ഉടമസ്ഥതയിലുള്ള റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, നെറ്റ്ഫ്ളിക്സിന്റെ ഇന്ത്യന്‍ ഘടകമായ ലോസ് ഗറ്റോസ് എന്നിവര്‍ക്കെതിരേ ധനുഷും കെ. രാജയുടെ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഈ കേസ് തള്ളണമെന്നാവശ്യപ്പെട്ടായിരുന്നു നെറ്റ്ഫ്ലിക്സ് തടസഹർജി ഫയൽ ചെയ്തത്.
ചിത്രത്തിന്റെ സെറ്റില്‍ എല്ലാ കഥാപാത്രങ്ങളുടേയും അവര്‍ ധരിച്ച വസ്ത്രങ്ങളുടേയുംവരെ പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്നായിരുന്നു ധനുഷിന്റെ നിര്‍മാണ കമ്പനിയുടെ വാദം. ഇതടക്കം പരിഗണിച്ചാണ് നെറ്റ്ഫ്ളിക്സിന്റെ ഹര്‍ജി തള്ളിയത്. നേരത്തെ, വാദംകേട്ട കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു.