ചെന്താമരയെ പാലക്കാട് നഗരത്തില്‍ കണ്ടെന്ന് അഭ്യൂഹം; തിരച്ചിൽ ഊർജിതം
Tuesday, January 28, 2025 12:01 PM IST
പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന കേസിലെ പ്രതി ചെന്താമരയെ (58) പാലക്കാട് നഗരത്തില്‍ കണ്ടെന്ന് അഭ്യൂഹം. ജില്ലാ പോലീസ് മേധാവിക്കാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്.
തുടര്‍ന്ന് നഗരത്തിലെ ലോഡ്ജുകളിലും ഹോട്ടലുകളിലും പരിശോധന നടത്തി. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയിലും പരിശോധനയും നിരീക്ഷണവും ശക്തമാക്കി. ചെന്താമരയുടെ സഹോദരനുമായി ആലത്തൂർ പോലീസ് തിരുപ്പൂരിലും പരിശോധന നടത്തുന്നുണ്ട്.
പോത്തുണ്ടി തിരുത്തൻപാടം ബോയൻ കോളനിയിലെ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. തിരച്ചിലിന് മുങ്ങൽ വിദഗ്ധരുടെ സഹായം പോലീസ് തേടിയതിനെ തുടർന്ന് സ്കൂബ ടീമും സ്ഥലത്തെത്തിയിട്ടുണ്ട്. ചെന്താമര വിഷംകഴിച്ച് വെള്ളത്തിൽ ചാടിയെന്ന സംശയത്തിലാണ് ജലാശയങ്ങളിൽ പരിശോധന നടത്തുന്നത്.
അഞ്ചു വർഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി തിങ്കളാഴ്ച സുധാകരനെയും ഭർത്യമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു.
ആദ്യകൊലപാതകം നടക്കുന്നതിനും ആറുമാസം മുമ്പാണ് പ്രതി ചെന്താമരാക്ഷന്റെ ഭാര്യയും മകളും പിരിഞ്ഞ് കഴിയാൻ തുടങ്ങിയത്. എന്നും വഴക്കു മാത്രമുള്ള കുടുംബ പശ്ചാത്തലമായിരുന്നു ഇവരുടേത്. കുടുംബ പ്രശ്നങ്ങൾക്കെല്ലാം കാരണം അയൽക്കാരാണെന്നായിരുന്നു പ്രതിയുടെ സംശയം.
സജിതയെ കൊന്നതിന് അഞ്ചുവർഷത്തെ ജയിൽ വാസത്തിനുശേഷവും അതേ പക മനസിൽ കൊണ്ടു നടന്ന പ്രതി, വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരിക്കെ ജാമ്യത്തിലിറങ്ങിയാണ് രണ്ട് കൊലപാതകം കൂടി നടത്തിയത്.