പുൽപ്പള്ളിയിലും കടുവയെ കണ്ടതായി നാട്ടുകാർ; പ്രദേശത്ത് വനംവകുപ്പ് തെരച്ചിൽ നടത്തുന്നു
Sunday, January 26, 2025 8:50 PM IST
വയനാട്: പുൽപ്പള്ളിയിലും കടുവയെ കണ്ടതായി നാട്ടുകാർ. പുൽപ്പള്ളി കേളക്കവയലിൽ ആണ് കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചത്.
പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ തോട്ടത്തിൽ ആണ് കടുവയെ കണ്ടത്. പ്രദേശത്ത് വനംവകുപ്പ് തെരച്ചിൽ നടത്തുകയാണ്.
അതേസമയം വയനാട്ടിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുന്ന സാഹചര്യത്തിൽ വിവിധ മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
തിങ്കളാഴ്ച രാവിലെ ആറു മുതൽ 48 മണിക്കൂർ സമയത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രദേശത്ത് തിങ്കളാഴ്ച വരേയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.
നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർഥികൾക്കായി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.