കടുവ കുടുങ്ങിയാൽ മൃഗശാലയിലേക്ക് മാറ്റും; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം, സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചു
Saturday, January 25, 2025 10:11 PM IST
മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ രാധയെന്ന സ്ത്രീയെ കടിച്ചുകൊന്ന കടുവയ്ക്കായി തെരച്ചിൽ ഊർജിതം. 10 ടീം അംഗങ്ങളെ നിരീക്ഷണത്തിന് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സർവകക്ഷിയോഗത്തിന് ശേഷം വയനാട് എഡിഎം അറിയിച്ചു.
പോലീസും ആർആർടിയും രാത്രി ഉൾപ്പെടെ പരിശോധന നടത്തും. കടുവ കൂട്ടിൽ കുടുങ്ങിയാൽ മൃഗശാലയിലേക്ക് മാറ്റും. ദൗത്യത്തിന് അരുൺ സക്കറിയ നേതൃത്വം നൽകും.
സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചുവെന്നും ഇത് വരെ പ്രദേശവാസികൾ നടത്തിയ സമരത്തിൽ കേസെടുക്കില്ലെന്നും എഡിഎം അറിയിച്ചു. കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിലെ ഒരാൾക്ക് ഫെബ്രുവരി ഒന്നു മുതൽ താത്കാലിക ജോലി നൽകും. കുടുംബത്തിനുള്ള ബാക്കി നഷ്ടപരിഹാരം ഉടൻ നൽകും.
കുട്ടികളെ സ്കൂളിൽ എത്തിക്കാൻ ആറ് വാഹനം സജീകരിച്ചു. കടുവ സാന്നിധ്യ പ്രദേശങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതും ഒഴിവാക്കണം. അടിയന്തര ഘട്ടങ്ങളിൽ ആവശ്യങ്ങൾക്കായി പോലീസിനെ വിളിക്കണമെന്നും വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.