മുൾട്ടാനിൽ വിക്കറ്റ് മഴ; ആദ്യദിനം 20 വിക്കറ്റ്
Saturday, January 25, 2025 7:26 PM IST
മുൾട്ടാൻ: പാക്കിസ്ഥാൻ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം വിക്കറ്റ് മഴ. ആദ്യദിനം വീണത് 20 വിക്കറ്റുകൾ. സ്പിന്നർമാർ കളംനിറഞ്ഞ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 163 റൺസിന് പുറത്തായി.
ഹാട്രിക് അടക്കം ആറ് വിക്കറ്റുകൾ പിഴുത സ്പിന്നർ നൗമാൻ അലിയാണ് വിൻഡീസിനെ തകർത്തത്. സാജിദ് ഖാൻ രണ്ട് വിക്കറ്റുകൾ നേടി. 54 റൺസിനിടെ എട്ട് വിക്കറ്റുകൾ നഷ്ടമായ വിൻഡീസിനെ വാലറ്റക്കാരാണ് 150 കടത്തിയത്.
ഒൻപതാമനായി ക്രീസിലെത്തിയ ഗുദേകേഷ് മോട്ടി (55), ജോമൽ വാറികാൻ (പുറത്താകാതെ 36), കീമർ റോച്ച് (25) എന്നിവരാണ് വിൻഡീസിനെ കരകയറ്റിയത്. വിൻഡീസ് നിരയിൽ നാല് പേർ പൂജ്യത്തിന് പുറത്തായി. നാല് പേർ മാത്രമാണ് രണ്ടക്കം കടന്നത്.
മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. 47 ഓവർ മാത്രം ബാറ്റ് ചെയ്ത പാക്ക് പട 154 റൺസിന് കൂടാരം കയറി. ഇതോടെ വിൻഡീസിന് ഒൻപത് റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു.
ബാറ്റിംഗിൽ തിളങ്ങിയ മോട്ടി, വാറികാൻ, കീമർ റോച്ച് സഖ്യമാണ് വിൻഡീസിനെ ബൗളിംഗിലും തുണച്ചത്. വാറികാൻ നാലും മോട്ടി മൂന്നും റോച്ച് രണ്ടും വിക്കറ്റുകൾ പിഴുതു. 49 റൺസ് നേടിയ മുഹമ്മദ് റിസ്വാനാണ് പാക്ക് നിരയിൽ ടോപ്പ് സ്കോറർ. സൗദ് ഷക്കീൽ 32 റൺസ് നേടി.