രാധയെ കൊന്ന സ്ഥലത്തിനു സമീപം വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ; പ്രദേശത്ത് വ്യാപക തെരച്ചിൽ
Saturday, January 25, 2025 6:27 PM IST
മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ. ബേസ് ക്യാമ്പിന് 600 മീറ്റർ മാറി വനത്തോട് ചേർന്നുള്ളവീടിനടുത്തായാണ് കടുവയെ കണ്ടതായി വിവരം ലഭിച്ചത്.
രാധയെ കടുവ കൊന്ന സ്ഥലത്തിന് ഒരു കിലോമീറ്റർ അകലെ മാത്രമാണ് ഇപ്പോൾ കടുവയെ കണ്ടതായി നാട്ടുകാർ പറയുന്ന സ്ഥലം. കടുവയെ കണ്ടതായി പറയുന്ന വീടിനടുത്ത് അധികൃതർ പരിശോധന നടത്തുകയാണ്.
കടുവയെ കണ്ട സ്ഥലത്തിനു സമീപത്തുള്ള തേയില തോട്ടത്തിൽ നാട്ടുകാരും തെരച്ചിൽ നടത്തുകയാണ്. വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞതിനു പിന്നാലെ വനം വകുപ്പ് പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയില്‍ പ്രതിഷേധം ശക്തമാകുന്നു. കളക്ടർ സ്ഥലത്ത് എത്താത്തതിനാല്‍ ദൗത്യം വൈകുന്നു എന്നാരോപിച്ചാണ് പ്രതിഷേധം.
പ്രതിഷേധക്കാർ ബേസ് ക്യാമ്പിലേക്ക് തള്ളിക്കയറി പ്രതിഷേധിക്കുകയായിരുന്നു. കടുവയെ പിടികൂടുകയല്ല, മറിച്ച് ഉടൻ കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എന്നാൽ കളക്ടർ ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ പങ്കെടുക്കുകയണെന്നും എഡിഎം സ്ഥലത്ത് എത്തുമെന്നുമാണ് വിശദീകരണം. നിലവിൽ വെറ്ററിനറി ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിൽ എത്തിയിട്ടുണ്ട്.