രാഷ്ട്രപതിയുടെ പോലീസ് മെഡൽ എഡിജിപി പി. വിജയന്
Saturday, January 25, 2025 5:51 PM IST
തിരുവനന്തപുരം: രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് കേരളത്തിൽ നിന്നും എഡിജിപി. പി. വിജയൻ അർഹനായി. നിലവിൽ ഇന്റലിജൻസ് മേധാവിയാണ് അദ്ദേഹം. 1999 ബാച്ചിലെ ഐപിഎസ് ഓഫീസറാണ്.
കാഞ്ഞങ്ങാട് എഎസ്പിയായി സർവീസിൽ പ്രവേശിച്ച അദ്ദേഹം തിരുവനന്തപുരം റൂറൽ എസ്പി, കൊച്ചി സിറ്റി, തൃശൂർ സിറ്റി, തിരുവനന്തപുരം സിറ്റി, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലാ പോലീസ് മേധാവിയായി പ്രവർത്തിച്ചിരുന്നു.
റേഞ്ച് ഐജിയായും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും തലവനായും പോലീസ് അക്കാദമി മേധാവിയായും അദ്ദേഹം പ്രവർത്തിച്ചു. കേരള പോലീസിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന ആശയം പി. വിജയന്റേതായിരുന്നു. പിന്നീട് സർക്കാർ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിയെ ഔദ്യോഗികമായി നടപ്പിലാക്കി.
സംസ്ഥാനത്തെ 420 ൽ പരം സ്കൂളുകളിലായി 33000 ത്തോളം കുട്ടികൾ എസ്പിസിയുടെ ഭാഗമായി പ്രവർത്തിച്ച് വരികയാണ്. പോലീസിനെ ജനകീയമാക്കുന്ന നിരവധി പദ്ധതികളുടെ ആശയം വിജയന്റേതായിരുന്നു. ശബരിമലയിലെ പുണ്യം പൂങ്കാവനം, കുട്ടികളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ ആശയങ്ങളായിരുന്നു.
കേരളത്തിൽ ഏറെ ചർച്ചയായ ചേലന്പ്ര ബാങ്ക് കവർച്ച, ശബരിമല തന്ത്രി കേസ്, പ്രധാനമന്ത്രിക്കെതിരെയുള്ള ഇ-മെയിൽ ഭീഷണി കേസ് ഉൾപ്പെടെയുള്ള കേസുകളുടെ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത് ഇദ്ദേഹമായിരുന്നു. 2014ൽ സിഎൻഎൻ- ഐബിഎന്നിന്റെ ഇന്ത്യൻ ഓഫ് ദി ഇയർ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥയായ ഡോ. എം. ബീനയാണ് ഭാര്യ, രണ്ട് മക്കളുണ്ട്.