സ്വത്ത് തർക്കം; യുവാവിനെ സഹോദരനും ഭാര്യയും ജീവനോടെ കത്തിച്ചു കൊന്നു
Saturday, January 25, 2025 12:42 AM IST
പാറ്റ്ന: ബിഹാറിലെ മുസാഫർപൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ യുവാവിനെ സഹോദരനും ഭാര്യയും ചേർന്ന് ജീവനോടെ കത്തിച്ചു. മാനസികവൈകല്യമുള്ള സുധീർ കുമാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഇരുവരും ചേർന്ന് സുധീർ കുമാറിനെ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും പിന്നീട് പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം സുധീർ കുമാർ സഹോദരന്റെ ഭാര്യയുമായി വഴക്കുണ്ടായിരുന്നു.
തുടർന്ന് സഹോദരനും ഭാര്യയും ചേർന്ന് സുധീർ കുമാറിനെ വൈദ്യുത തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. സംഭവം കണ്ട ഒരു വാച്ച്മാൻ ആണ് പോലീസിൽ വിവരമറിയിച്ചത്.
ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസാണ് പാതി കത്തിക്കരിഞ്ഞ മൃതദേഹം ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു. ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഭർത്താവിനെ പിടികൂടാൻ പോലീസ് തിരച്ചിൽ നടത്തുകയാണ്.