നരഭോജി കടുവയ്ക്കായി തെരച്ചിൽ ഊർജിതം; മാനന്തവാടിയിൽ നാളെ ഹർത്താൽ, തിങ്കളാഴ്ചവരേ നിരോധനാജ്ഞ
Friday, January 24, 2025 10:16 PM IST
വയനാട്: പഞ്ചാരക്കൊല്ലിയിൽ രാധ എന്ന വീട്ടമ്മയെ കടിച്ചുകൊന്ന കടുവയ്ക്കായി പ്രദേശത്ത് രാത്രി വൈകിയും വ്യാപക തെരച്ചിൽ. സ്ഥലത്ത് കടുവയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്.
മരിച്ച രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി മന്ത്രി ഒ.ആർ. കേളു അഞ്ച് ലക്ഷം രൂപ കൈമാറി. നരഭോജി കടുവ പ്രദേശത്തുതന്നെ തുടരുന്നതായാണ് സൂചന. വൈകിട്ട് കടുവയെ സ്ഥലത്ത് വീണ്ടും കണ്ടതായി നാട്ടുകാർ പറഞ്ഞു.
പ്രദേശത്ത് കൂടുതൽ ആർആർടി സംഘത്തെ വിന്യസിച്ച് കടുവയ്ക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ ആരംഭിച്ചു. കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ച് തെരച്ചിൽ നടത്തും.
സംഭവത്തിൽ പ്രതിഷേധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റിയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലി ഉൾപ്പെടുന്ന മേഖലയിൽ നിരോധനാജ്ഞയാണ്. പഞ്ചാരക്കൊല്ലി, പിലിക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് തിങ്കളാഴ്ച വരേ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.