പൊതുവേദികളിലെ സ്ത്രീ സാന്നിധ്യം; പുകഞ്ഞു കത്തി വിവാദം, പിഎംഎ സലാമിനെതിരേ ഒളിയമ്പുമായി ജിഫ്രി തങ്ങൾ
Friday, January 24, 2025 9:07 PM IST
കോഴിക്കോട്: പൊതുവേദികളിലെ സ്ത്രീസാന്നിധ്യം സംബന്ധിച്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന വിവാദത്തിനു തിരികൊളുത്തിയതിനിടെ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാമിനെതിരേ സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഒളിയമ്പ്. രാഷ്ട്രീയലക്ഷ്യങ്ങള്‍വച്ച് പണ്ഡിതരുടെ അഭിപ്രായങ്ങളെ പിന്തുണച്ചാല്‍ പോരെന്നും അത് നടപ്പാക്കണമെന്നുമാണ് ജിഫ്രി തങ്ങൾ പറഞ്ഞത്.
കാന്തപുരത്തിന്റെ നിലപാടിനെ പി.എം.എ. സലാം അനുകൂലിച്ചിരുന്നു. കാന്തപുരത്തെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ സലാം എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആരുടെയും പേരെടുത്തു പറയാതെയുള്ള ജിഫ്രി തങ്ങളുടെ പരാമർശം. കൈയടി നേടാന്‍ വേണ്ടി മാത്രമാണ് പി.എം.എ. സലാം കാന്തപുരത്തെ അനൂകൂലിച്ചതെന്ന വിമർശന മാണു ജിഫ്രി തങ്ങൾ ഇതുവഴി നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജിഫ്രി തങ്ങളുടെ പ്രസ്താവന ഇങ്ങനെയായിരുന്നു; "കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീകളെ സംബന്ധിച്ച മതവിധിയെ ചിലര്‍ പിന്തുണച്ചുവെന്നു പറയുന്നു. എന്നാല്‍, പിന്തുണച്ചാല്‍ പോരാ നടപ്പില്‍ വരുത്താന്‍ ശ്രമിക്കണം. മതവിധി പണ്ഡിതന്മാര് പറയുമ്പോള്‍ കൊഞ്ഞനം കാട്ടുകയല്ല വേണ്ടത്. സമസ്ത കേരള ജംഇഅത്തുല്‍ ഉലമ പല മതവിധികളും പറഞ്ഞു. മതവിധിയെ പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന ആളുകള്‍, എതിര് രാഷ്ട്രീയ പാര്‍ട്ടികളെ എതിര്‍ക്കാനായി മതവിധിയെ പിന്തുണയ്ക്കുന്നുണ്ട്'.
പൊതുവേദിയിലെ സ്ത്രീസാന്നിധ്യം സംബന്ധിച്ച് മുസ് ലിം ലീഗ് തങ്ങളുടെ നിലപാട് പുനരാലോചിക്കണമെന്ന സന്ദേശമാണു ജിഫ്രി തങ്ങള്‍ ഉയര്‍ത്തിയതെന്ന വ്യാഖ്യാനവുമുണ്ട്. കാന്തപുരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്ത് എത്തിയതോടെ മലബാറിൽ ചൂടേറിയ ചര്‍ച്ചയായിരിക്കുകയാണ് പൊതുവേദികളിലെ സ്ത്രീ സാന്നിധ്യം.
സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ ഇറങ്ങരുത് എന്നത് പിന്തിരിപ്പന് നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവര്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം. ഇതിനെ കാന്തപുരം പരസ്യമായി എതിർത്തതോടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് അനുനയവുമായി രംഗത്തെത്തി. ‘സ്ത്രീപുരുഷ സമത്വം സംബന്ധിച്ചു കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ വിശ്വാസമാണ്.
ഞങ്ങള്‍ വിശ്വസിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തിലാണ്. ജമാഅത്തെ ഇസ്ലാമിയെപ്പോലെ മുസ്ലിം മതരാഷ്ട്രത്തിനു വേണ്ടി കാന്തപുരം പറഞ്ഞിട്ടില്ല. സ്ത്രീക്ക് രണ്ടാം സ്ഥാനം കല്‍പ്പിക്കുന്നത് മതത്തില്‍ മാത്രമല്ല, സര്‍വതലത്തിലുമുണ്ട്. പാര്‍ട്ടി സ്ഥാനങ്ങളില്‍ വനിതകള്‍ വരും. നേതൃത്വത്തില്‍ വനിതാ പ്രാതിനിധ്യം സംബന്ധിച്ച പോരായ്മ തിരിച്ചറിയുന്നവരാണ് ഞങ്ങള്‍. ബോധപൂർവം തിരുത്താന്‍ ശ്രമിക്കുന്നുണ്ട്' എന്നായിരുന്നു തോമസ് ഐസക്കിന്റെ വിശദീകരണം.