നരഭോജി കടുവയുടെ ആക്രമണം; മാനന്തവാടി മുനിസിപ്പാലിറ്റിയിൽ നാളെ യുഡിഎഫ് ഹർത്താൽ
Friday, January 24, 2025 7:59 PM IST
വയനാട്: മാനന്തവാടി മുനിസിപ്പാലിറ്റിയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. വയനാട് പഞ്ചാരക്കൊല്ലിയിൽ രാധ എന്ന വീട്ടമ്മയെ കടുവ കടിച്ചു കൊന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
അതേസമയം പഞ്ചാരക്കൊല്ലി ഉൾപ്പെടുന്ന മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, പിലിക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് നിരോധനാജ്ഞ. നരഭോജി കടുവ പ്രദേശത്തുതന്നെ തുടരുന്നതായാണ് സൂചന. വൈകിട്ട് കടുവയെ സ്ഥലത്ത് വീണ്ടും കണ്ടതായി നാട്ടുകാർ പറഞ്ഞു.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി ടീം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം നരഭോജി കടുവയെ പിടികൂടാനായി പ്രദേശത്ത് കൂട് സ്ഥാപിച്ചു. നോർത്ത് വയനാട് ഡിഎഫ്ഒയ്ക്കാണ് കടുവയെ പിടികൂടുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്.
പ്രദേശത്ത് കൂടുതൽ ആർആർടി സംഘത്തെ വിന്യസിച്ച് കടുവയ്ക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ ആരംഭിച്ചു. കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ച് തെരച്ചിൽ നടത്തും.