തൃശൂരിൽ കുടുംബ വഴക്കിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടു
Friday, January 24, 2025 7:24 PM IST
തൃശൂര്‍: കുടുംബ വഴക്കിനെ തുടർന്ന് തൃശൂരിൽ യുവാവ് വീടിന് തീയിട്ടു. വരവൂരിൽ ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്.
വരവൂർ പുളിഞ്ചോട് ആവിശേരിമുക്ക് സ്വദേശി താരയുടെ മൂത്ത മകനാണ് വീടിന് തീയിട്ടത്. ലഹരി ഉപയോഗിച്ച് നിരന്തരം വീട്ടിൽ ബഹളമുണ്ടാക്കാറുള്ള ആളാണ് മകനെന്നാണ് വീട്ടുകാര്‍ പറയുന്നത്.
തീപിടിച്ച് വീട്ടുപകരണങ്ങള്‍ അടക്കം കത്തി നശിച്ചു. വീട്ടിൽ ആളിപടര്‍ന്ന തീ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് നിയന്ത്രണ വിധേയമാക്കിയത്. വീട്ടിലെ അടുക്കളയിലെ ഗ്യാസ് സ്റ്റൗവിന്റെ നോമ്പ് തുറന്നു വിട്ടാണ് തീ കത്തിച്ചത്.
തീപിടിത്തത്തിൽ വീട്ടിലുണ്ടായിരുന്ന രേഖകള്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങളും കത്തി നശിച്ചു. ഭര്‍ത്താവ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മകൻ വന്ന് തന്റെ തുണി ഉള്‍പ്പെടെ എടുത്ത് കത്തിക്കാൻ നോക്കിയതെന്നും തുടര്‍ന്ന് വീട് കത്തിക്കുകയായിരുന്നുവെന്നും താര പറഞ്ഞു. ഹോളോ ബ്രിക്സും ആസ്ബറ്റോസ് ഷീറ്റും ഉപയോഗിച്ച് നിര്‍മിച്ച വീടിനാണ് തീയിട്ടത്.