തനിക്കെതിരേ കുരുക്കു മുറുക്കുന്ന സർക്കാർ വന്യജീവി വിഷയത്തിലും ശാശ്വത പരിഹാരം കാണണം: പി.വി. അൻവർ
Friday, January 24, 2025 6:25 PM IST
മലപ്പുറം: വയനാട്ടിൽ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയസംഭവത്തിൽ രൂക്ഷ വിമർശനവുമായി പി.വി. അൻവർ. തനിക്കെതിരേ കുരുക്കു മുറുക്കുന്ന തിരക്കിലുള്ള സർക്കാർ വനം വന്യജീവി വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിന് ശ്രമിക്കണമെന്ന് അൻവർ പറഞ്ഞു.
സംസ്ഥാനത്ത് മലയോര മേഖലയാകെ വന്യജീവി ആക്രമണം കൊണ്ട് പൊതുജനങ്ങളും കർഷകരും പൊറുതിമുട്ടിയിരിക്കുകയാണ്. ഇന്നും ഒരു മനുഷ്യ ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നു.
കൊല്ലപ്പെടുന്നവരിൽ ഭൂരിപക്ഷവും സാധാരണക്കാരും ആദിവാസി വിഭാഗത്തിൽ പെടുന്നവരുമാണ് എന്നുള്ളത് മറ്റൊരു വസ്തുതയാണ്. സർക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തത് കൊണ്ടോ ജയിലിൽ അടച്ചതുകൊണ്ടോ സർക്കാരിനും വനം വകുപ്പിനും ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ ആവില്ലെന്നും അൻവർ പറഞ്ഞു.