ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണം;കാരണം വെളിപ്പെടുത്തി കേന്ദ്രമന്ത്രി
Friday, January 24, 2025 6:05 PM IST
ന്യൂഡൽഹി: ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണത്തിൽ കാരണം കണ്ടെത്തിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പ്രാഥമിക അന്വേഷണത്തിൽ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് കണ്ടെത്തിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
എന്നാൽ വിഷാംശം ഏതാണെന്ന് കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. ബാക്ടീരിയ വൈറൽ ബാധകൊണ്ടല്ല മരണമെന്നും മന്ത്രി പറഞ്ഞു. 17പേർ മരിച്ചത് കൂടാതെ കഴിഞ്ഞ ദിവസം അഞ്ച് പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് ബുധനാഴ്ച ബാദൽ ഗ്രാമത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തെ എല്ലാ ഒത്തുചേരലുകളും നിരോധിച്ചു. ഡിസംബർ മാസം മുതലാണ് ദുരൂഹമായ കാരണങ്ങൾ കൊണ്ട് മൂന്ന് കുടുംബങ്ങളിലെ കുട്ടികൾ ഉൾപ്പെടെ 17 അംഗങ്ങൾ മരിച്ചത്. മറ്റ് പലരും രോഗബാധിതരായി തുടരുകയാണ്. അതിനിടെയാണ് അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗബാധിതരായ അഞ്ചുപേരെ ആദ്യം കണ്ടി സിഎച്ച്സിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയായ അജാസ് ഖാനെ (25) പിജിഐ ചണ്ഡീഗഡിലേക്ക് റഫർ ചെയ്തു. മൂന്ന് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ മുമ്പ് സിഎച്ച്സിയിൽ നിന്ന് ജിഎംസി രജൗരിയിലേക്ക് റഫർ ചെയ്തിരുന്നു. ആർമി ഹെലികോപ്റ്ററിലാണ് ഇവരെ ജമ്മുവിലേക്ക് മാറ്റിയത്.