രഞ്ജി ട്രോഫി: കേരളത്തിനെതിരെ മധ്യപ്രദേശ് ഭേദപ്പെട്ട നിലയിൽ
Friday, January 24, 2025 5:42 PM IST
തിരുവനന്തപുരം: കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ മധ്യപ്രദേശ് ഭേദപ്പെട്ട നിലയിൽ. രണ്ടാം ദിനത്തിലെ കളി നിർത്തുന്പോൾ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 140 എന്ന നിലയിലാണ് മധ്യപ്രദേശ്. മധ്യപ്രദേശ് 133 റൺസിന് മുന്നിലാണ്.
രജത് പാട്ടീദാറും ശുഭം ശർമയും ആണ് ക്രീസിലുള്ളത്. ശുഭം ശർമ 46 റൺസും പാട്ടീദാർ 50 റൺസും എടുത്തിട്ടുണ്ട്. 31 റൺസെടുത്ത ഹിമാൻഷു മന്ത്രിയും ഏഴ് റൺസെടുത്ത ഹർഷ് ഗൗളിയുടെയും വിക്കറ്റുകളാണ് മധ്യപ്രദേശിന് നഷ്ടമായത്. എം.ഡി.നിതീഷും നെടുമാൻകുഴി ബേസിലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മധ്യപ്രദേശിന്റെ ആദ്യം ഇന്നിംഗ്സ് സ്കോറായ 160 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ കേരളം 167 റൺസിന് പുറത്തായി.കേരള ഇന്നിംഗ്സിൽ 36 റൺസെടുത്ത സൽമാൻ നിസാറാണ് ടോപ് സ്കോറർ.
അക്ഷയ് ചന്ദ്രൻ (22), രോഹൻ കുന്നുമ്മൽ (25), മുഹമ്മദ് അസ്ഹറുദ്ദീൻ (34), ആദിത്യ സർവാതെ (10) എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ. നായകൻ സച്ചിൻ ബേബി രണ്ടു റൺസെടുത്തു പുറത്തായപ്പോൾ ബാബാ അപരാജിത് ഏഴു റൺസെടുത്ത് റിട്ടയേഡ് ഹർട്ടായി.
മധ്യപ്രദേശിനു വേണ്ടി ആര്യൻ പാണ്ഡെ, ആവേശ് ഖാൻ എന്നിവർ മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. സാരാൻഷ് ജെയ്ൻ രണ്ടും കുമാർ കാർത്തികേയ സിംഗ് ഒരു വിക്കറ്റും വീഴ്ത്തി.