നരഭോജി കടുവ പഞ്ചാരക്കൊല്ലിയിൽതന്നെ; വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാർ
Friday, January 24, 2025 5:29 PM IST
വയനാട്: പഞ്ചാരക്കൊല്ലിയിൽ രാധയെന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ നരഭോജി കടുവ പ്രദേശത്തുതന്നെ തുടരുന്നതായി സൂചന. വൈകിട്ട് കടുവയെ സ്ഥലത്ത് വീണ്ടും കണ്ടതായി നാട്ടുകാർ പറഞ്ഞു.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി ടീം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം നരഭോജി കടുവയെ പിടികൂടാനായി പ്രദേശത്ത് കൂട് സ്ഥാപിച്ചു. നോർത്ത് വയനാട് ഡിഎഫ്ഒയ്ക്കാണ് കടുവയെ പിടികൂടുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്.
പ്രദേശത്ത് കൂടുതൽ ആർആർടി സംഘത്തെ വിന്യസിച്ച് കടുവയ്ക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ ആരംഭിച്ചു. കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ച് തെരച്ചിൽ നടത്തും.
പഞ്ചാരക്കൊല്ലി സ്വദേശി രാധ(45) ആണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം. വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ചാണ് ഇവരെ കടുവ ആക്രമിച്ചത്. വനംവകുപ്പ് താത്ക്കാലിക വാച്ചറുടെ ഭാര്യയാണ് രാധ.