നരഭോജി കടുവയെ വെടിവച്ച് കൊല്ലുമെന്ന് മന്ത്രിയുടെ ഉറപ്പ്; പ്രതിഷേധം അവസാനിപ്പിച്ചു
Friday, January 24, 2025 3:08 PM IST
വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ നരഭോജികളുടെ കൂട്ടത്തില്‍പെടുത്തി വെടിവച്ച് കൊല്ലുമെന്ന് മന്ത്രി ഒ.ആര്.കേളു അറിയിച്ചു.
ആദ്യം മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങളില്‍ മന്ത്രി നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാര്‍ മടങ്ങി. നിലവില്‍ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കടുവ ആക്രമിച്ച് കൊന്ന രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇതിൽ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. വീട്ടില്‍ ഒരാള്‍ക്ക് ജോലി നല്‍കണമെന്ന ആവശ്യം മന്ത്രിസഭാ യോഗത്തില്‍ ഉന്നയിക്കും.
കടുവയെ പിടികൂടാന്‍ സ്ഥലത്ത് കൂട് സ്ഥാപിക്കും. പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് ആര്‍ആര്‍ടി സംഘം സുരക്ഷയൊരുക്കും. ഫെന്‍സിംഗ് വേഗത്തിലാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.