മത്സരത്തിനിടെ ജോക്കോവിച്ച് പിൻമാറി, അലക്സാണ്ടർ സ്വരേവ് ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ
Friday, January 24, 2025 1:25 PM IST
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് സെമി ഫൈനൽ മത്സരത്തിനിടെ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് പിൻമാറി. പരിക്കിനെ തുടർന്നാണ് താരത്തിന്റെ പിൻമാറ്റം. ഇതോടെ ജോക്കോവിച്ചിന്റെ എതിരാളി ജർമൻ താരം അലക്സാണ്ടർ സ്വരേവ് ഫൈനലിലേക്ക് കടന്നു.
ആദ്യ സെറ്റ് നഷ്ടമായതിനുശേഷമായിരുന്നു ജോക്കോവിച്ചിന്റെ നാടകീയ പിന്മാറ്റം. 7-6നാണ് ആദ്യ സെറ്റ് ജോക്കോവിച്ചിനു നഷ്ടമായത്.
പരിക്കേറ്റതിനെ തുടർന്ന് മത്സരത്തിൽനിന്നും പിന്മാറുകയാണെന്ന് ജോക്കോവിച്ച് അന്പയറെ അറിയിക്കുകയായിരുന്നു. നേരത്തെ കാർലോസ് അൽകാരസിനെതിരായ മത്സരത്തിലും പരിക്കുമൂലം ജോക്കോവിച്ച് വലഞ്ഞിരുന്നു.
വ്യാഴാഴ്ച പരിശീലനവും ജോക്കോവിച്ച് ഒഴിവാക്കിയിരുന്നു. സെമി ഫൈനലിന് മുന്‍പുള്ള മുൻകരുതൽ എന്ന നിലക്കാണ് താരം പരിശീലന സെഷൻ ഒഴിവാക്കിയത്.
സ്വരേവിന്റെ ആദ്യ ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലാണിത്. ജാനിക് സിന്നർ - ബെൻ ഷെൽട്ടൺ പോരാട്ടത്തിലെ വിജയികളെയാവും ഫൈനലിൽ സ്വരേവ് നേരിടുക. ഞായറാഴ്ചയാണ് കലാശപോര്.