അന്‍വറിന്റെ പാട്ടഭൂമി; പ്രധാന കെട്ടിടത്തിന് നിര്‍മാണ അനുമതിയില്ലെന്ന് എടത്തല പഞ്ചായത്ത്
Friday, January 24, 2025 12:46 PM IST
കൊച്ചി: പി.വി. അന്‍വറിന്റെ ആലുവയിലെ 11 ഏക്കര്‍ പാട്ടഭൂമിയിലെ പ്രധാന കെട്ടിടത്തിന് നിര്‍മാണ അനുമതിയില്ലെന്ന് എറണാകുളം എടത്തല പഞ്ചായത്ത്. നിയമവിരുദ്ധമായി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയെന്ന ആരോപണത്തില്‍ അന്‍വറിനെതിരേ വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചത്. അന്വേഷണത്തിന്റെ ആദ്യ നടപടിയായി പാട്ടഭൂമിയിലെ കെട്ടിടത്തിന്റെ വിശദാംശങ്ങള്‍ തേടി എടത്തല പഞ്ചായത്തിന് കത്തയയ്ക്കുകയുണ്ടായി. ബുധനാഴ്ച കിട്ടിയ കത്തിന് അന്ന് തന്നെ പഞ്ചായത്ത് മറുപടി നല്‍കിയിരുന്നു. പാട്ടഭൂമിയിലെ പ്രധാന കെട്ടിടത്തിന് നിര്‍മാണ അനുമതിയില്ലെന്നാണ് മറുപടിയിലുള്ളത്.
പിവീസ് റിയല്‍റ്റേഴ്സ് ഇന്ത്യാ ലിമിറ്റഡിന്റെ കൈവശമാണ് ഭൂമിയെന്നും പ്രധാന കെട്ടിടത്തിന് നിര്‍മാണ അനുമതിയില്ലെന്നുമാണ് കത്തില്‍ പറയുന്നത്. കെട്ടിടം പണിയാന്‍ തൊട്ടടുത്തുളള നാവിക ആയുധ സംഭരണ കേന്ദ്രത്തിന്റെ സമ്മതപത്രം ഉണ്ടായിരുന്നില്ല. ഉയരത്തിലുള്ള കെട്ടിട നിര്‍മാണത്തിന് സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
അതിനാല്‍ സ്റ്റോപ് മെമ്മോ നല്കാന് കേന്ദ്ര പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. 2016 മാര്‍ച്ച് 19ന് സ്റ്റോപ് മെമ്മോ നല്‍കിയെന്നും വിജിലന്‍സിന് പഞ്ചായത്ത് നല്കിയ മറുപടിയിലുണ്ട്.
നിര്‍മാണത്തിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റ് അപേക്ഷയും അനുബന്ധ രേഖകളും പഞ്ചായത്തില്‍ ലഭ്യമല്ല. ഭൂമിയിലെ ഏഴ് അനുബന്ധ നിര്‍മാണങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. റിസോര്‍ട്ട്, സിനിമാ തിയേറ്റര്‍ തുടങ്ങിയവയ്ക്കാണ് അനുമതി നല്‍കിയെന്നും വിജിലന്‍സിനുളള മറുപടിയില്‍ പറയുന്നു.
എന്നാല്‍ പാട്ടഭൂമിയിലെ കെട്ടിടം താന്‍ നിര്‍മിച്ചതല്ലെന്നും ഭൂമി വാങ്ങുമ്പോള്‍ തന്നെ കെട്ടിടം അവിടെയുണ്ടായിരുന്നുവെന്നും അന്‍വര്‍ പറയുന്നു. ഒരു ക്രമക്കേടും കാണിച്ചിട്ടില്ലെന്നുമാണ് അന്‍വറിന്റെ വിശദീകരണം.