പഞ്ചറായ ടയർ മാറ്റുന്നതിനിടെ പിന്നിൽനിന്നും വന്ന ലോറിയിടിച്ച് യുവാവ് മരിച്ചു
Friday, January 24, 2025 10:48 AM IST
ആലപ്പുഴ: ചെങ്ങന്നൂർ എംസി റോഡിൽ പിക്അപ്പ് വാനിന്റെ പഞ്ചറായ ടയർ മാറ്റുന്നതിനിടെ പിന്നിൽനിന്നും വന്ന കണ്ടെയ്നർ ലോറി ഇടിച്ച് പിക്അപ്പ് വാൻ ഡ്രൈവർ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് ദാരുണമായ സംഭവം.
ഡ്രൈവർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. തൃശൂർ ജില്ലയിലെ അളഗപ്പനഗർ പഞ്ചായത്തിൽ വട്ടപ്പറമ്പിൽ പുത്തൻപ്പുരയിൽ മോഹനന്റെ മകൻ സുധീഷാണ് (39) മരിച്ചത്.
ചെങ്ങന്നൂർ കല്ലിശേരിയ്ക്ക് സമീപത്തുവച്ച് പഞ്ചറായ ടയർ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. പഞ്ചറായ ടയർ മാറ്റി പുതിയ ടയറിട്ട് വണ്ടിയിൽ നിന്നും ജാക്കി ഊരി എടുക്കുമ്പോൾ പിന്നിൽനിന്നും വന്ന കണ്ടെയ്നർ ലോറി ഇടിച്ച് സുധീഷ് മരണപ്പെടുകയായിരുന്നു.
തൃശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് അലൂമിനിയം ഷീറ്റ് കൊണ്ടുപോവുകയായിരുന്നു സുധീഷ്. ചെങ്ങന്നൂർ പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.
മൃതദേഹം ചെങ്ങന്നൂർ മാമൻ മെമ്മോറിയൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.