മസാജ് പാർലർ അടിച്ചുതകർത്തു; 14പേർ അറസ്റ്റിൽ
Friday, January 24, 2025 12:58 AM IST
ബംഗുളൂരു: കർണാടകയിൽ മസാജ് പാർലർ അടിച്ചുനശിപ്പിച്ച 14 പേർ അറസ്റ്റിൽ. മംഗളൂരുവിലെ ബെജായിയിലാണ് സംഭവം.
നിരവധിപ്പേർ മസാജ് പാർലറിലേക്ക് അതിക്രമിച്ചുകയറി സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. കടയ്ക്കുള്ളിലെ വസ്തുവകകൾ നശിപ്പിച്ച സംഘം, യൂണിസെക്സ് സലൂണിന്റെ പേരിൽ ജീവനക്കാർ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് ആരോപിച്ചു.
കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര ആക്രമണത്തെ അപലപിക്കുകയും കേസ് അന്വേഷിക്കാൻ പോലീസിനോട് നിർദേശിക്കുകയും ചെയ്തു. ആരും നിയമം കൈയിലെടുക്കരുത്, നിയമത്തിന്റെ പരിധിയിൽ നിന്ന് സംഘടന നടത്താനുള്ള അവകാശം എല്ലാവർക്കും ഉണ്ട്, എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പോലീസിന്റെ സഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു.
14 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിവരികയാണ്. സലൂൺ ഉടമ സുധീർ ഷെട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം ബാർകെ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.