വന്യജീവി ആക്രമണം: മരണം കൂടിവരുന്നതിന് ശാസ്ത്രീയമായ കണക്കില്ലെന്ന് മന്ത്രി; അടിയന്തരപ്രമേയ നോട്ടീസ് തളളി
Thursday, January 23, 2025 1:16 PM IST
തിരുവനന്തപുരം: വന്യജീവി ആക്രമണം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് തളളി. ലാഘവത്തോടെയാണ് സര്‍ക്കാര്‍ വിഷയത്തെ കാണുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
നിലന്പൂരിൽ സരോജിനി എന്ന സ്ത്രീയെ ആക്രമിച്ചത് വനത്തിന് അകത്തുവച്ചാണെന്ന് മന്ത്രി എം.കെ. ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. വന്യജീവി ആക്രമണത്തിലുള്ള മരണം കൂടിവരുന്നതിന് ശാസ്ത്രീയമായ കണക്കില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
വന്യജീവി ആക്രമണത്തിൽ 2021-2022ല്‍ 114 മരണമാണ് സംസ്ഥാനത്ത് ഉണ്ടായത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അത് 98, 94,12 എന്ന നിലവാരത്തിലെത്തിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. മലയോരപ്രദേശങ്ങളെ 12 മേഖലകളായി തിരിച്ച് ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം വിഷയം ചർച്ചയ്ക്കെടുക്കാത്തത് ദൗർഭാഗ്യകരമെന്ന് നോട്ടീസ് അവതരിപ്പിച്ച മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. വനം,വന്യജീവി സംഘര്‍ഷം ഓരോ വര്‍ഷവും വര്‍ധിക്കുകയാണെന്നും മലയോരമേഖലയില്‍ നടക്കുന്നത് നിശബ്ദ കുടിയിറക്കലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
2016 മുതല്‍ ഇതുവരെ 60,000ആക്രമണങ്ങളാണ് ഉണ്ടായത്. 1000ത്തോളം ആളുകള്‍ മരിച്ചെന്നും വാക്ക്ഔട്ട് പ്രസംഗത്തിൽ സതീശൻ കൂട്ടിച്ചേർത്തു.