അടിയന്തരപ്രമേയ നോട്ടീസ് അവതരണത്തിനിടെ വനനിയമ ഭേദഗതി പരാമര്‍ശിച്ച് കുഴല്നാടന്; ശാസിച്ച് സ്പീക്കര്‍
Thursday, January 23, 2025 11:08 AM IST
തിരുവനന്തപുരം: വന്യജീവി ആക്രമണം നിയമസഭയില്‍ അടിയന്തരപ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരോടുള്ള സര്‍ക്കാരിന്റെ സമീപനം നിരാശയുണ്ടാക്കുന്നതാണെന്ന് നോട്ടീസ് അവതരിപ്പിച്ച മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു.
എന്നാല്‍ നിലമ്പൂരിലെ കാട്ടാന ആക്രമണത്തെപ്പറ്റിയുള്ള അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിനിടെ വനഭേദഗതി നിയമം സംസാരിച്ചത് സ്പീക്കറെ ചൊടിപ്പിച്ചു. അവതരിപ്പിക്കേണ്ട കാര്യം മാത്രം അവതരിപ്പിക്കണമെന്ന് സ്പീക്കര്‍ കുഴല്‍നാടനോട് പറഞ്ഞു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.
വനനിയമഭേദതിയൊക്കെ പിന്‍വലിച്ചതാണ്, അത് ഇവിടെ പറയേണ്ട കാര്യമില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. എഴുതിതന്ന വിഷയത്തില്‍ ഒതുങ്ങിനിന്ന് സംസാരിക്കണമെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നല്കി. എന്നാല്‍ വന്യജീവി ആക്രമണവുമായി ബന്ധപ്പെടാത്ത വിഷയമാണോ വനനിയമമെന്ന് മാത്യു കുഴല്നാടന് ചോദിച്ചു.
അതേസമയം വനനിയമ ഭേദഗതി സര്‍ക്കാര്‍ പാസാക്കിയില്ലല്ലോയെന്ന് വനംമന്ത്രി എം.കെ.ശശീന്ദ്രന് മറുപടി പറഞ്ഞു. ജനകീയ അഭിപ്രായം മാനിച്ച് നിയമഭേദഗതി പിന്‍വലിച്ച സര്‍ക്കാരിനെ പ്രതിപക്ഷം അംഗീകരിക്കുകയാണ് വേണ്ടതെന്നും മന്ത്രി ന്യായീകരിച്ചു.