എൻ.എം. വിജയന്റെ ആത്മഹത്യ; ഐ.സി. ബാലകൃഷ്ണൻ ചോദ്യം ചെയ്യലിന് ഹാജരായി
Thursday, January 23, 2025 11:06 AM IST
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ചോദ്യം ചെയ്യലിനു ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ ബത്തേരി ഡിവൈഎസ്പിയാണ് എംഎൽഎയെ ചോദ്യം ചെയ്യുന്നത്. പൂത്തുർ വയൽ കാന്പിലാണ് ചോദ്യം ചെയ്യൽ.
നിയമസഭ സമ്മേളിക്കുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന് ഇളവുനൽകിയിരുന്നു. കേസിൽ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ ട്രഷറർ കെ.കെ. ഗോപിനാഥൻ എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. രണ്ടുദിവസത്തെ ചോദ്യംചെയ്യലിനു ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ടയക്കുകയായിരുന്നു.