മത്സ്യത്തൊഴിലാളി ഫണ്ട് വെട്ടിപ്പ് : മുൻ ഉദ്യോഗസ്ഥന് കഠിനതടവും പിഴയും
Thursday, January 23, 2025 7:29 AM IST
തിരുവനന്തപുരം: ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മത്സ്യത്തൊഴിലാളികൾക്കുള്ള ഭവന നിർമാണ ഫണ്ടിൽ തിരിമറി നടത്തിയ കേസിൽ വർക്കല വെട്ടൂർ മത്സ്യഭവൻ ഓഫീസിലെ മുൻ ഫിഷറീസ് സബ് ഇൻസ്പെക്ടർ ബേബൻ ജെ. ഫെർണാണ്ടസിനു വിവിധ വകുപ്പുകളിലായി അഞ്ചുവർഷം കഠിനതടവും 1,58,000 രൂപ പിഴയും ശിക്ഷ. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജകുമാരയാണ് പ്രതിയെ ശിക്ഷിച്ചത്.
അർഹരായ മത്സ്യത്തൊഴിലാളികൾക്ക് 35,000 രൂപ വീതം മൂന്നു ഗഡുവായാണ് ഭവനനിർമാണത്തിനുള്ള തുക നൽകിയിരുന്നത്. ബേസ്മെന്റിന് 7,000 രൂപയും ലിന്റൽ കോണ്ക്രീറ്റിന് 18,000 രൂപയും അവസാന ഘട്ടത്തിൽ 10,000 രൂപ എന്ന നിരക്കിലാണു നൽകുന്നത്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറിൽനിന്ന് അർഹരായ മത്സ്യത്തൊഴിലാളികളുടെ ചെക്ക് പ്രതി ഒപ്പിട്ടുവാങ്ങിയശേഷം മത്സ്യഭവനിലെ രജിസ്റ്ററിൽ തൊഴിലാളികളെ കൊണ്ട് ഒപ്പിടുവിച്ചു ചെക്ക് വിതരണം ചെയ്യുന്നതാണ് രീതി. പ്രതി തൊഴിലാളികൾക്കുളള ചെക്കുവാങ്ങിയശേഷം വിതരണം ചെയ്തിരുന്നില്ല.
ചെക്ക് കൃത്യമായി ലഭിക്കാതെ വീടു പണി മുടങ്ങിയ മത്സ്യത്തൊഴിലാളികൾ ഡയറക്ടർക്കു പരാതി നൽകിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ട്രഷറിയിൽ നിന്ന് ചെക്ക് മാറി പോയിരുന്നതായി വിജിലൻസ് കണ്ടെത്തിയെങ്കിലും എപ്രകാരമാണ് മത്സ്യത്തൊഴിലാളികളുടെ പേരിലുളള ചെക്ക് പ്രതി മാറിയെടുത്തതെന്ന് കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞിരുന്നില്ല.
സർക്കാർ ഖജനാവിന് 1,50,000 രൂപ പ്രതി നഷ്ടമുണ്ടാക്കിയെന്നാണ് വിജിലൻസ് കേസ്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.