മാവേലിക്കരയിൽ ആയുർവേദ ആശുപത്രി കത്തിനശിച്ചു
Thursday, January 23, 2025 3:10 AM IST
മാവേലിക്കര: ചെട്ടികുളങ്ങര കമ്പനിപ്പടി ജംഗ്ഷനിൽ ആയുർവേദ ആശുപത്രി കത്തിനശിച്ചു. മധുരാപുരി ആയുർവേദ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.
ചൊവ്വാഴ്ച രാത്രി 11.30ഓടെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഇവർ വിവരം അറിയച്ചതിനെത്തുടർന്ന് മാവേലിക്കരയിൽ നിന്നും 12.30 ഓടെ അഗ്നി രക്ഷസേന സംഘം എത്തിയെങ്കിലും കെട്ടിടത്തിൽ വലിയ രീതിയിൽ തീ ആളിപടർന്നിരുന്നതിനാൽ കായംകുളം, ചെങ്ങന്നൂർ നിലയങ്ങളിൽ നിന്നുള്ള വാഹനങ്ങളും എത്തിച്ചാണ് തീ അണച്ചത്.
തട്ടാരമ്പലം സ്വദേശി ധനഞ്ജയന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് 60 വർഷത്തെ പഴക്കമുണ്ട്. കൊല്ലം സ്വദേശി മനു ശങ്കർ ആണ് ഇവിടെ മധുരാപുരി എന്ന പേരിൽ രണ്ട് വർഷമായി ആയുർവേദ സ്ഥാപനം നടത്തുന്നത്.