തിരുവനന്തപുരത്ത് ബൈക്ക് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചു
Wednesday, January 22, 2025 8:17 PM IST
തിരുവനന്തപുരം: ചുള്ളിമാനൂരിന് സമീപം കൊച്ചാട്ടുകാലിൽ ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിലെ താത്ക്കാലിക കണ്ടക്ടർ പാലോട് പച്ച സ്വദേശി അനിൽകുമാർ( 53) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
ആറ്റിങ്ങൽ - ചുള്ളിമാനൂർ റോഡിലൂടെ കടന്നുവന്ന ബസിലേക്ക് അനിൽകുമാറിന്റെ ബൈക്ക് നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കുളത്തുപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസിലാണ് നെടുമങ്ങാട് നിന്ന് നന്ദിയോട് ഭാഗത്തേക്ക് പോയ ബൈക്ക് കൂട്ടിയിടിച്ചത്.
അപകടത്തിന് പിന്നാലെ അനിൽകുമാറിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തിട്ടുണ്ട്.