സംസ്ഥാന ഭരണം പിടിക്കാൻ; പ്ലാൻ 63നെ ചൊല്ലി കോൺഗ്രസിൽ പോര്
Wednesday, January 22, 2025 12:32 PM IST
തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണം നേടാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ അവതരിപ്പിച്ച പ്ലാൻ 63നെ ചൊല്ലി പാർട്ടിക്കുള്ളിൽ പോര്.
കോണ്‍ഗ്രസ് മത്സരിക്കുന്ന 90ലേറെ സീറ്റുകളില്‍നിന്ന് 63 സീറ്റുകള്‍ പ്രത്യേകമായി തെരഞ്ഞെടുത്ത് ചിട്ടയായി പ്രവര്‍ത്തിച്ച് ഭരണമുറപ്പിക്കുക എന്നതായിരുന്നു കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ സതീശന് മുന്നോട്ടുവച്ച ആശയം.
പ്ലാനുമായി വി.ഡി. സതീശന് മുന്നോട്ടുപോകാമെന്ന് ഒരുവിഭാഗം നിലപാടെടുക്കുന്പോൾതന്നെ എതിർപ്പും ശക്തമാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ പിന്തുണ സതീശന് ഇക്കാര്യത്തിൽ ലഭിക്കുന്നില്ല. പ്ലാൻ 63 തയാറാക്കുന്നതിനു മുൻപ് നേതൃത്വം അറിയാതെ സതീശന്റെ നേതൃത്വത്തിൽ രഹസ്യ സർവേ നടത്തിയതാണ് ചിലരെ ചൊടിപ്പിച്ചത്.
സർവേ നടത്തേണ്ടത് ഹൈക്കമാൻഡാണെന്നും ആരുടെ നിർദേശപ്രകാരമാണ് സതീശൻ സർവേ നടത്തിയതെന്നുമാണ് എതിർക്കുന്നവരുടെ ചോദ്യം. എ.പി. അനിൽകുമാർ പ്ലാൻ 63നെതിരേ രംഗത്ത് വന്നിരുന്നു.
63 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം ഉടൻ ആരംഭിക്കാൻ സതീശൻ ചിലരെ നിയോഗിച്ചുകഴിഞ്ഞുവെന്നും സതീശന്റെ നീക്കങ്ങൾ മുഖ്യമന്ത്രിപദം ലക്ഷ്യമിട്ടാണെന്നും ഇവർ ആരോപിക്കുന്നു. പാർട്ടി അറിയാതെ രഹസ്യ സർവേ നടത്തിയത് അച്ചടക്ക ലംഘനമെന്ന നിലപാടിലാണ് ഇവർ. നേതൃത്വം അറിയാതെ രഹസ്യ സർവേ നടത്തിയതിൽ ഹൈക്കമാൻഡിനും അതൃപ്തിയുണ്ടെന്ന് സൂചനയുണ്ട്.
അതേസമയം സർവേയല്ല സമീപകാല തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് പ്ലാനെന്നാണ് സതീശന്റെ വാദം. ആശയം കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ മുന്നോട്ട് വച്ചതിൽ തെറ്റില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകണമെന്നുമാണ് സതീശനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ നിലപാട്.