അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന് പരാതി; പി.വി.അൻവറിനെതിരെ വിജിലൻസ് അന്വേഷണം
Wednesday, January 22, 2025 7:13 AM IST
തിരുവനന്തപുരം: അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന പരാതിയിൽ പി.വി.അൻവർ എംഎൽഎയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര അഡീഷണൽ സെക്രട്ടറി ഉത്തരവിട്ടു. ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് അന്വേഷണം.
പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലൻസിന് പരാതി കിട്ടിയിരുന്നു. പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശിപാർശ ചെയ്യുകയായിരുന്നു.
വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച ഉത്തരവ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റിന് കൈമാറി.സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല. വിശദമായ അന്വേഷണം നടത്തി സമയപരിധിക്കുളളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. കൊല്ലം സ്വദേശിയായ വ്യവസായ മുരുകേഷ് നരേന്ദ്രന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.