കണ്ണൂരിലെ ഏരിയാ സെക്രട്ടറിമാരില്‍ ഒരു സ്ത്രീപോലും ഇല്ല; സിപിഎമ്മിന് മറുപടിയുമായി കാന്തപുരം
Tuesday, January 21, 2025 11:25 PM IST
ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മറുപടിയുമായി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്. അന്യ പുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ വിമർശനത്തിനെതിരെ എം.വി.ഗോവിന്ദൻ രംഗത്തെത്തിയിരുന്നു.
ഇതിനു മറുപടിയുമായിട്ടാണ് എ.പി.അബൂബക്കര്‍ മുസ്ലിയാര് രംഗത്ത് എത്തിയത്. കണ്ണൂർ ജില്ലയിൽ ഏരിയാ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതിൽ ഒറ്റ സ്ത്രീ പോലും ഇല്ലെന്നും ഇത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. മെക് സെവന് വ്യായാമക്കൂട്ടായ്മയ്ക്കെതിരേ കാന്തപുരം നടത്തിയ പരാമര്‍ശത്തെ എം.വി.ഗോവിന്ദന് വിമര്‍ശിച്ചിരുന്നു.
പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന് നിലപാടാണെന്നായിരുന്നു എം.വി. ഗോവിന്ദന്റെ വിമര്‍ശനം. അങ്ങനെ ശാഠ്യമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എം.വി.ഗോവിന്ദന് പറഞ്ഞിരുന്നു.